ഒരു പിറന്നാള്‍ ആഘോഷം

ഹോട്ടലിന്‍ ഭോജനശാല.
ഉച്ചയ്ക്കുണ്ണുവാനെത്തി ഞാ
നരികെ,മൂലയിലൊരു മേശ
യലങ്കരിക്കുകയാണ് പെണ്‍കുട്ടി.

ചുവരില്‍ നിറബലൂണുകള്‍
പിറന്നാളാശംസകളെന്നെഴുത്ത്
നൂലു വലിഞ്ഞുവീഴുമ്പോഴമര്‍ത്തി
വെയ്ക്കുന്നു പശനാടയമര്‍ത്തി.

ഒറ്റയ്ക്കവള്‍, വന്നു വെയ്ക്കുന്നു
ണ്ടുച്ച ഭക്ഷണം പുലാവോ മറ്റോ
കാണുന്നീല മറ്റാരെയും കാല്‍വെ
ന്തെന്ന പോല്‍ തിടുക്കമിരമ്പുന്നൂ.

ഓരോ ബലൂണുമൂതിവീര്‍പ്പിച്ചും
പൊട്ടുന്നതിലിടറിത്തെന്നിയും
ചേര്‍ത്തു വെയ്ക്കുന്നു വളരെ
പ്പതുക്കെ, യാരോ വരാന്‍ കാണും.

ചുറ്റും തിരക്കേറി, യാളുകള്‍
നിരീക്ഷിപ്പതവളെ, യെന്തിതെ
ന്നാശ്ചര്യ, മവരോ കാണുന്നീല
മറ്റൊന്നുമെന്തൊരു നിശ്ശബ്ദത!

പുലാവു തണുക്കുന്നു, വെയ്റ്റര്‍
തീരെയക്ഷമനായീല, ഭക്ഷണം
കഴിക്കുന്നവര്‍ നിശ്ശബ്ദം കൂട്ടായീ
യാരുടെ പിറന്നാളാശംസിച്ചൂ!

അവളോ കാണുന്നീലൊന്നും. വീഴും
ബലൂണുകളഴിയും നുല്‍പ്പാലങ്ങ
ളടരും പൂവുകള്‍ പിറന്നാളെഴുത്തുക
ളുറപ്പിക്കുന്നൂ വീണ്ടുമതേപോല്‍.

എത്ര ചടുലം കൈകള്‍, നിറകണ്ണുക
ളമര്‍ത്തിത്തളരാത്തെഴുപ്പി
ലിരുന്നു മെണീറ്റു മാരെയോ ശാസിച്ചു
മാശ്വസിപ്പിച്ചുമുച്ചയാഘോഷിപ്പൂ.

ആരുടെ പിറന്നാളി, ന്നറിവീല, ചുറ്റും
പരക്കുന്നുണ്ടൊരു സ്നേഹത്തി
നവാച്യമാം സുഗന്ധ, മജ്ഞാതമാം
ഭയം, ഞാന്‍ കാണുന്നതു ജീവിതമോ?

മടങ്ങുമ്പോഴവളാരെന്നു തിരക്കീല,
കാണാക്കുഞ്ഞിനു വെച്ച പാവയ
ച്ചുമരില്‍ച്ചേര്‍ന്നൊട്ടി നില്‍ക്കുന്നൂ.
നന്ദിയെന്നവളെന്നെത്തൊടുന്നൂ.


ആസാദ്
20 നവംബര്‍ 2021

അഭിപ്രായം എഴുതാം...