ഗുവേരക്കൊടി

നീതിയുടെ പുസ്തകം തൊട്ട്
കൈവെന്തുപോയ കുട്ടികള്‍
നിത്യതയുടെ ആനന്ദത്തെ
തുറന്നൂ, സായാഹ്ന സംവാദം

പുസ്തകത്തിലെ സമരത്താള്‍
മറിക്കെത്തടഞ്ഞ കൊടിമരം
മുറ്റത്തു നാട്ടി പ്പുളകം തേച്ച്
കൈകൊട്ടുന്നൂ ഭൂതങ്ങളേ.

മരിച്ചവര്‍ വന്നു കൈകൊടുത്തൂ
ഞാന്‍ ഗുവേര, നിന്റെ പ്രാണ
ബ്രാന്റ്, വിപ്ലവക്കടും കാപ്പി
മോന്തണമൊന്നിച്ചൊരുവട്ടം.

അതിനില്ല, കാപ്പിക്കടയും ചുരുട്ടും
പുകച്ചുരുള്‍ വലയങ്ങളായ്
മേഞ്ഞു മേഞ്ഞു പോമശാന്ത
താഴ് വാരം നിന്റെ കണ്ണേ ഭയം!

വരേണ്ട നീകൂടെ, വെറുതെ
ഭാവിക്കാമൊപ്പമുണ്ടെ
ന്നതീത വീറിന്‍ വീരാകാര
മൊളിപ്പിച്ച കാരുണ്യമഭയം.

പിറകില്‍ തീ കൊളുത്തിപ്പാഞ്ഞ
ഭൂഖണ്ഡാന്തര യാത്രകള്‍
ബാക്കിയാക്കിയ പുകക്കൂട്ടില്‍
കണ്ണുമന്ദിച്ചവര്‍ കുട്ടികള്‍.

കൊടിമരത്തില്‍ നിന്റെ പേര്‍
കൊടിയടയാളം നിന്‍ മുഖം
കൊടിയേറ്റുന്നതു നിന്റെപേശികള്‍
കൊടിക്കനവിലോ വെടിയുണ്ടകള്‍!
□■□
ആസാദ്
19 നവംബര്‍ 2021

അഭിപ്രായം എഴുതാം...