ജോമോന്‍ പുത്തന്‍പുരയ്ക്കലിന് ഒരു കീര്‍ത്തനം

ജോമോന് ഒരു കീര്‍ത്തനം.

ജോമോനേ, നീ നട്ട നീതിയുടെ വൃക്ഷം പൂത്തു നില്‍ക്കുന്നു. നീണ്ട ഇരുപത്തിയെട്ടു വര്‍ഷത്തെ സഹനത്തിനും കാത്തിരിപ്പിനും ഫലമുണ്ടായിരിക്കുന്നു. പ്രതീക്ഷയുടെ ഇലകള്‍ കൊഴിഞ്ഞ് ഉണങ്ങിയും അടര്‍ന്നും തുടങ്ങിയ ശിഖരങ്ങളില്‍ പെട്ടെന്ന് പ്രകാശം പരന്നിരിക്കുന്നു. ഇനി മേല്‍ ഒരാളും നിരാശകൊണ്ടു മരിക്കുകയില്ല.

ജോമോനേ, ഒരാള്‍ക്കിങ്ങനെ ദീര്‍ഘകാലം ഒരൊറ്റച്ചിന്തയില്‍ ജീവിതത്തെ അണച്ചു നിര്‍ത്താനാവുമോ? ഒരൊറ്റ ലക്ഷ്യത്തില്‍ സകലതും പരുവപ്പെടുത്താനാവുമോ? വിളിച്ചുകൊണ്ടേയിരുന്നാല്‍ പാതാളത്തില്‍ ആണ്ടുപോയ നീതി അരിച്ചരിച്ചു കയറിവരുമെന്ന് നീയെങ്ങനെ അറിഞ്ഞു?

ഞാനിന്ന് അഭയയെക്കുറിച്ചായിരുന്നു ചിന്തിക്കേണ്ടത്. അഭയക്കു നീതി കിട്ടുന്നു എന്നായിരുന്നു എഴുതേണ്ടത്. പക്ഷെ, അഭയയെ മരണത്തിനോ മറവിക്കോ വിട്ടു കൊടുക്കാതെ കൊലയാളികളുടെ വെണ്‍മാടങ്ങള്‍ക്കു മുന്നില്‍ കൈപിടിച്ചു നടത്തിച്ച ഒരാളെപ്പറ്റി ഓര്‍ക്കാതെ അതു സാദ്ധ്യമാകുമോ?

കൊലചെയ്യപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നവരോട് ദൈവത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു. മനുഷ്യരുടെ നിസ്സാരമായ മോഹങ്ങള്‍ക്കും ക്രോധങ്ങള്‍ക്കും വഴങ്ങാത്ത ഭാഷയില്‍ അവര്‍ പറഞ്ഞുകൊണ്ടിരിക്കും. അതു കേള്‍ക്കാന്‍ വ്യക്തികള്‍ക്കും സഭകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കാതുകളുണ്ടാവണം. ജോമോന്‍ അതു കേട്ട മനുഷ്യക്കാതാണ്.

ഞാനോര്‍ക്കുന്നത് കേള്‍ക്കപ്പെടാത്ത രക്തസാക്ഷികളെപ്പറ്റിയാണ്. അളന്നുതീരാത്ത ചോരക്കുതിപ്പുകളെപ്പറ്റിയാണ്. സ്തംഭിച്ചുപോയ നീതിയെക്കുറിച്ചാണ്. അധികാരത്തിന്റെ ധവളപ്രഭയില്‍ മൂടിവെക്കപ്പെട്ട കൊലക്കത്തികളെപ്പറ്റിയാണ്. ചോരക്കറ മറച്ച് മാന്യരെന്ന് വിശുദ്ധപ്പെട്ടവരും വാഴ്ത്തപ്പെട്ടവരുമുണ്ട്. അവരെ പേര്‍ ചൊല്ലി വിളിക്കുന്ന നീതിബോധത്തിന്റെ തമസ്കൃത രൂപങ്ങളുണ്ട്. ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കുന്ന പ്രകൃതിയുടെ സംഗീതമാണത്.

വലിയ കുപ്പായവും താടിയും പാറിച്ച് ഏകാകിയായി നടന്നുപോയ നവാബുമാരുണ്ടായിരുന്നു. അവര്‍ ശല്യക്കാരായ വ്യവഹാരികളായിരുന്നു. വെറുക്കപ്പെട്ടവരായിരുന്നു. ഒരു പ്രസ്ഥാനവും തണല്‍ വിരിച്ചിട്ടില്ലാത്ത വഴികളില്‍ മാത്രം സഞ്ചരിച്ചവര്‍. അവര്‍ നീതിയെക്കുറിച്ചു മാത്രം ചിന്തിച്ചു. ജോമോനേ, നീ ഒറ്റയ്ക്കല്ല. പക്ഷെ, നിന്റെ കാലത്ത് നീ ഒറ്റപ്പെട്ടവന്‍ തന്നെ. മുള്‍ക്കിരീടവും കുരിശുമേറ്റവന്‍.

നീതിക്കുവേണ്ടി വാ തുറക്കാന്‍ ഭാഷയോ വിദ്യാഭ്യാസമോ തൊഴിലോ പദവിയോ ആവശ്യമില്ലെന്ന് നീ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ, ആ അപൂര്‍വ്വമായ ശ്രവണശേഷിയും ഭ്രാതൃ സ്നേഹവും ഇക്കാലത്ത് ഏതുറവകളിലൂടെ വരുന്നു ജോമോന്‍? അലച്ചിലുകളിലേക്ക് സ്വയം തുറന്നുവിടാനുള്ള ധൈര്യം എങ്ങനെ നേടുന്നു? മതവാഴ്ച്ചയുടെ ആഗോളത്തൂണില്‍ ഇടിച്ചിടിച്ചു നീതിയെ പുറത്തു ചാടിച്ച വൈഭവത്തിന് എന്റെ സ്തുതി.

ഇത് അഭയസ്മൃതി. ജോമോനുള്ള കീര്‍ത്തനം. എന്റെ മുറ്റത്ത് ഞാനൊരു നക്ഷത്രം നാട്ടുന്നു. ഈ ഡിസംബറിന്റെ തണുപ്പിലും ഉയിര്‍പ്പിലും.

ആസാദ്
23 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...