പെഡ്രോ കോസ്റ്റയുടെ വിറ്റലീന വരേല

ഇരുളും നിഴലും നിറഞ്ഞ ദൃശ്യാഖ്യാനത്തിന്റെ അപൂര്‍വ്വ സൗന്ദര്യവും ഭാവുകത്വ വിപ്ലവവും പകര്‍ന്ന സിനിമയാണ് പെഡ്രോ കോസ്റ്റയുടെ വിറ്റലീന വരേല. ഇരുട്ട് ഇത്രമേല്‍ വിനിമയക്ഷമവും സാരതീവ്രവുമാണെന്ന് മുമ്പ് ഒരു ചലച്ചിത്രവും അനുഭവിപ്പിച്ചിട്ടില്ല. പ്രവാസവും കുടിയേറ്റവും ഏകാന്തതയും പെണ്‍സഹനവും മരണവും ഓര്‍മ്മകളുടെ വീണ്ടെടുപ്പും നിറഞ്ഞുണരുന്ന സൗമ്യവേഗം നമ്മെ വിസ്മയിപ്പിക്കും.

സ്വയംപൂര്‍ണമായ ഫ്രെയ്മുകള്‍. ഛായാ ചിത്രങ്ങള്‍. പെയിന്റിംഗുകളുടെ നിറസന്നിവേശം. ഇരുട്ടുകൊണ്ടു വരയ്ക്കുന്ന വെളിച്ചങ്ങള്‍. കറുപ്പു തുറക്കുന്ന വാസ്തവ പ്രകൃതി. നാം തിമര്‍ക്കുന്ന വെളിച്ചത്തിന്റെ ഇത്തിരിക്കീറില്‍പോലും ആത്മനിന്ദയുടെ ഭാരമാണിപ്പോള്‍. പീഡിത ഭാവനയെ ക്ഷുഭിത വാസ്തവവും ശീലിച്ച വാസ്തവത്തെ കേവല ഭാവനയുമാക്കി അകമ്പുറം തിരിക്കുന്ന കലാ വൈഭവം. പോര്‍ത്തുഗീസ് സംവിധായകനായ പെഡ്രോ കോസ്റ്റ പുതുവഴി വെട്ടുകയാണ്.

സിനിമയിലെ സാല്‍വദോര്‍ ദാലിയെന്നും സാമുവല്‍ ബക്കറ്റെന്നും പലമട്ട് വിശേഷണം ചാര്‍ത്തി കോസ്റ്റയുടെ വ്യതിരിക്തത അടയാളപ്പെടുത്താന്‍ നിരൂപകര്‍ ശ്രമിച്ചിട്ടുണ്ട്. ദാലിയുടെ സര്‍റിയലിസത്തിന്റെ സ്പര്‍ശം ആ ആഖ്യാനത്തില്‍ പ്രകടമാണ്. പൊട്ടിയൊലിക്കുന്ന വാസ്തവത്തിന്റെ അത്ര പരിചിതമല്ലാത്ത പരിചരണം വിറ്റലീനയില്‍ കാണാം. ആളെ വിട്ടു നിഴലിലും മുഖം വിട്ടു കാലിലും ആകാശം വിട്ടു മണ്ണിലും ആരംഭിക്കുന്ന കാമറയുടെ കണ്‍തുറക്കലുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞു കേപ് വര്‍ദയില്‍നിന്നു ലിസ്ബണിലെത്തുന്ന വിറ്റലീന എന്ന സ്ത്രീയാണ് കേന്ദ്ര കഥാപാത്രം. യാത്രാ രേഖകള്‍ സമയത്തു ശരിയാകാത്തതിനാല്‍ അവരെത്തുമ്പോഴേക്കും ശവസംസ്കാരം കഴിഞ്ഞിരുന്നു. നാല്‍പ്പതു വര്‍ഷമായി യാത്രയ്ക്കു അനുവാദം കിട്ടാതെ കേപ് വര്‍ദയില്‍ തുടരുകയായിരുന്നു അവര്‍. അവിടെ ഭര്‍ത്താവും താനും കൂടി വിശ്രമമില്ലാതെ കല്ലു ചുമന്നും സിമന്റുകൂട്ടിയും ഒന്നര മാസംകൊണ്ടു പടുത്തുയര്‍ത്തിയ മനോഹരമായ വീടുണ്ട്. ആ അനുഭവം അവര്‍ സ്വഗതാഖ്യാനമായി ഉരുവിടുന്നുണ്ട്. ആ നല്ലകാലം വളരെ പെട്ടെന്ന് അവസാനിച്ചു. ഭര്‍ത്താവ് ജോക്വിം പോര്‍ട്ടുഗലിലേക്ക് പോകുന്നു.

റിപ്പബ്ലിക്ക് ഓഫ് കേപ് വര്‍ദ എന്ന ദ്വീപ് മുമ്പ് പോര്‍ത്തുഗീസ് കോളനിയായിരുന്നു. 1975 ജൂണിലാണ് സ്വാതന്ത്ര്യം നേടിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് വിറ്റലീനയും ജോക്വിമും ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുന്നത്. ആ ഓര്‍മകളെ അതിന്റെ കാല്‍പ്പനിക തീവ്രതയോടെ പകര്‍ത്താന്‍ ഒരു വെമ്പലുണ്ടായിരുന്നെങ്കിലും സിനിമയുടെ പൊതുവായ ആഖ്യാനാന്തരീക്ഷത്തെ അതു ബാധിച്ചേക്കുമെന്നതിനാല്‍ വേണ്ടെന്നു വെച്ചുവെന്ന് കോസ്റ്റ ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. ജോക്വിമിന്റെ മരണത്തെ തുടര്‍ന്നുള്ള സംഭവവികാസമാണ് പ്രമേയം. ഇന്‍ വന്ദാസ് റൂം, ഹോഴ്സ് മണി തുടങ്ങിയ ചലച്ചിത്രങ്ങളിലും വിറ്റലീനയിലേക്കു വികസിക്കുന്ന പ്രയോഗപാഠങ്ങള്‍ കാണാമെന്ന് മാധ്യമങ്ങള്‍ എഴുതിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ആ ചിത്രങ്ങള്‍ മേളയില്‍ കാണാന്‍ അവസരമുണ്ടായില്ല.

നാം പരിചയിച്ചുപോന്ന ചലച്ചിത്രാസ്വാദന ശിക്ഷണം മതിയാവാതെ വരും വിറ്റലീന കാണാന്‍. അതിന്റെ അസ്വസ്ഥത അല്‍പ്പനേരം പിന്തുടര്‍ന്നെന്നും വരും. പെഡ്രോ കോസ്റ്റ ഗൗരവപൂര്‍വ്വം നടത്തുന്ന ഒരന്വേഷണത്തിന്റെ ഭാഗമാവാന്‍ വളരെവേഗം നാം ഒരുക്കപ്പെടും. കറുപ്പിന്റെയും ഇരുട്ടിന്റെയും സമൃദ്ധമായ അകങ്ങള്‍ നാം കണ്ടുതുടങ്ങുന്നേയുള്ളു. അതിനു തീര്‍ച്ചയായും ഇതൊരു പ്രവേശികതന്നെ.

ആസാദ്
7 ഡിസംബര്‍ 2019

അഭിപ്രായം എഴുതാം...