ക്ഷേത്രത്യാഗ സമരത്തിന് നൂറു വയസ്സാകുമ്പോള്‍

നൂറു വര്‍ഷം മുമ്പ് നടന്ന ഒരു സമരമുണ്ട്. ക്ഷേത്രത്യാഗം. അക്കാലത്ത് അവര്‍ണര്‍ക്ക് പ്രവേശനമില്ല ക്ഷേത്രങ്ങളില്‍. പക്ഷെ, അവരുടെ നേര്‍ച്ചയും കാഴ്ച്ചയും വേണം. അതു വരുമാനമാക്കാന്‍ സവര്‍ണര്‍ക്ക് ആചാരതടസ്സമില്ലായിരുന്നു. പ്രവേശനമില്ലെങ്കില്‍ ക്ഷേത്രങ്ങളിലേയ്ക്ക് ഒന്നും നല്‍കേണ്ടതില്ലെന്ന് ഡോ വി വി വേലുക്കുട്ടി അരയന്റെ നേതൃത്വത്തില്‍ അരയ സമൂഹം തീരുമാനിച്ചു. ആ പ്രക്ഷോഭത്തിനിട്ട പേരാണ് ക്ഷേത്രത്യാഗം.

ക്ഷേത്ര ത്യാഗത്തിന്റെ ഭാഗമായി ശബരിമല യാത്ര തടയുകയും അയ്യപ്പന്മാരെ തിരിച്ചയക്കുകയും ചെയ്തു. ഈ സമരത്തെക്കുറിച്ച് വള്ളിക്കാവ് മോഹന്‍ദാസ് എഴുതിയതിങ്ങനെ. ”അയ്യപ്പസേവാ സംഘമൊക്കെ രൂപീകരിക്കുന്നതിനും മുമ്പുള്ള കാലമാണത്. കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍നിന്നും ശബരിമലയിലേക്ക് ഏറെപ്പേരൊന്നും തീര്‍ത്ഥാടകരായി എത്തിയിരുന്നില്ല. കൊല്ലം മുതല്‍ തെക്കോട്ടുള്ള ആളുകളില്‍ അയ്യപ്പ ഭക്തി അത്രകണ്ടു പ്രകടമായിരുന്നില്ല. ചേര്‍ത്തല മുതല്‍ തെക്കോട്ടു കൊല്ലംവരെയുള്ള മധ്യതിരുവിതാംകൂര്‍ പ്രദേശങ്ങളിലെ അവര്‍ണരായിരുന്നു കൂട്ടമായി ശബരിമലയിലേയ്ക്കു പൊയ്ക്കൊണ്ടിരുന്നത്. അതുകൊണ്ട് അവരുടെമേല്‍ നിരോധന നടപടി നടപ്പിലാക്കുകയായിരുന്നു ക്ഷേത്രത്യാഗ പ്രവര്‍ത്തകരുടെ പദ്ധതി. ശബരിമല യാത്രയിലെ ആദ്യത്തെ ഇടത്താവളം ഓച്ചിറ പരബ്രഹ്മ ക്ഷേത്രമാണ്. അവിടെയെത്തി കുളിച്ചു തൊഴുതിട്ടാണ് അയ്യപ്പന്മാര്‍ ശബരിമലയ്ക്കു നീങ്ങുന്നത്. അതുകൊണ്ടുതന്നെ ഓച്ചിറയിലെത്തുന്ന അയ്യപ്പന്മാരെ തടയുകയും തിരിച്ചയക്കുകയും ചെയ്താല്‍ ക്ഷേത്ര ത്യാഗം വന്‍ വിജയമാകുമെന്ന് സംഘാടകര്‍ കരുതി. അതിനായി അവിടെ സന്നദ്ധഭടന്മാരെ കാവലാക്കി”.

അവര്‍ണരോടുള്ള അവഗണനയ്ക്കെതിരായ പ്രതിഷേധമായിരുന്നു അന്നത്തേത്. ഇന്നോ? സ്ത്രീകളോടും അവര്‍ണരോടുമുള്ള അവഗണന തുടരാനുള്ള സമരം. വിശ്വാസികള്‍ക്കെല്ലാം അയ്യപ്പ സന്നിധിയിലെത്താം എന്ന വിധിക്കെതിരെ ആണ്‍കോയ്മാ പുറപ്പാട്. അന്‌ അരയ സമൂഹം ചെയ്തതുപോലെ ഇന്ന് സ്ത്രീകള്‍ക്കുമാവാം ഒരു ക്ഷേത്രത്യാഗ സമരം.

ക്ഷേത്രപ്രവേശന വിളംബരത്തിലേയ്ക്കു നയിച്ച ഒട്ടേറെ സമരങ്ങളുണ്ട്. അതിലൊന്നായിരുന്നു ക്ഷേത്രത്യാഗം. ഇന്നാവട്ടെ, ജനാധിപത്യം വിപുലവും സൂക്ഷ്മവുമാക്കാനുള്ള അനവധി ശ്രമങ്ങളിലൊന്നാണ് കോടതിവിധി. അതു യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ കാലത്തും ക്ഷേത്ര ത്യാഗ സമരങ്ങളാവാം. പുരുഷ സവര്‍ണ ശാഠ്യങ്ങളെ പിറകില്‍തള്ളിയേ ഏതു പുരോഗമന മുന്നേറ്റവും സാധ്യമാകൂ.

ആസാദ്
15 ഒക്ടോബര്‍ 2018

അഭിപ്രായം എഴുതാം...